Wednesday, November 7, 2007

ഒരു ഓര്‍ക്കൂട്ട് ഒളിച്ചോട്ടം.

ഓഫീസിലെ ഇടവേളയില്‍ കൂട്ടുകാരി അയച്ച ഇ.മെയില്‍ തുറന്നു. അവള്‍ തന്നെ ഓര്‍ക്കൂട്ടില്‍ ജോയിന്‍ ചെയ്യാന്‍ ക്ഷണിച്ചിരിക്കുകയാണ്‌.
അവള്‍ അയച്ച ലിങ്കില്‍ ക്ലിക്ക്ചെയ്തു. ജിമെയില്‍ ഐഡിയുള്ളതിനാല്‍ ഓര്‍ക്കൂട്ട്‌ ഉടനെ ഒരു അംഗത്വം നല്‍കി. കൂട്ടുകാരിയുടെ ഫ്രണ്ട്‌സ്‌ റിക്വസ്റ്റ്‌ സ്വീകരിച്ചു. അവളുടെ ഓര്‍ക്കൂട്ട്‌ സ്ക്രാപ്പ്ബുക്കില്‍ കയറിനോക്കി. ഒരുപാട്‌ പേര്‍ അവള്‍ക്ക്‌ സ്ക്രാപ്പുകള്‍ എഴുതിയിരിക്കുന്നു. അവള്‍ തിരിച്ചും എഴുതിയതിന്റെ മറുപടികളാണ്‌ പലതും പലപ്പോഴായി അവള്‍ നടത്തിയ ചാറ്റിംഗുകളെല്ലാം സ്ക്രാപ്പ്ബുക്കില്‍ നിരന്നുകിടക്കുന്നു.

ഗള്‍ഫില്‍ ഭര്‍ത്താവുമൊന്നിച്ച്‌ ജീവിക്കുന്ന അവല്‍ക്കിതിനെല്ലാം നേരമുണ്ടാകും പക്ഷെ തനിക്കിതിനെല്ലാം എവിടെ നേരം? ഡ്യൂട്ടികഴിഞ്ഞാല്‍ ഭര്‍ത്താവ്‌, കുട്ടികള്‍ മറ്റ്‌ നൂറ്‌കാര്യങ്ങള്‍...
പക്ഷെ ഓര്‍ക്കൂട്ടിലേക്ക്‌ കൂടുതലിറങ്ങിച്ചെല്ലുംതോറും എന്തോ ഒരു വല്ലാത്ത താല്‍പ്പര്യം തോന്നിത്തുടങ്ങി.കൂട്ടുകാരിക്ക്‌ ഒരു സ്ക്രാപ്പെഴുതിവിട്ടു. അവളുടെ ഫ്രണ്ട്സിന്റെയെല്ലാം ഫോട്ടോകള്‍ നോക്കാന്‍തുടങ്ങി.

പെട്ടെന്നാണവള്‍ അത്‌ ശ്രദ്ധിച്ചത്‌. പലഫോട്ടോകളും തനിക്ക്‌ പരിചയമുള്ള മുഖങ്ങള്‍!
അതെ! ഐശ്വര്യാ റായ്‌, സുസ്മിതാസെന്‍, കാജോള്‍, സംയുക്താവര്‍മ്മ, ഷരൂഖ്ഖാന്‍, ആമിര്‍ഖാന്‍... ഇതെന്താ ഇവരെല്ലാം ഇവളുടെ കൂട്ടുകാരാണോ? ഒന്ന് പരീക്ഷിക്കാം അവള്‍ ഷാരൂഖ്ഖാന്റെ ഫോട്ടോയിലൊന്ന് ക്ലിക്ക്ചെയ്തു. ഉടനെ തുറന്നുവന്ന പ്രൊഫെയില്‍ വായിച്ചു. മനോജ്‌,വിവാഹിതന്‍ നാട്‌ തൃശൂര്‍... അപ്പോള്‍ ഫോട്ടോമാത്രമെന്താ ഷാരൂഖ്ഖാന്റെതായത്‌?
പിടികിട്ടി ഇവിടെ പലരും സ്വന്തം മുഖവും യഥാര്‍ത്ഥ മേല്‍വിലാസവും മറച്ചുവെച്ചുകൊണ്ട്‌ ഒരുപുതിയ ആളായി പുതിയ കൂട്ടുകെട്ടുകളോടൊത്ത്‌ ജീവിക്കുകയാണ്‌.

അവള്‍ക്ക്‌ വല്ലാത്ത താല്‍പ്പര്യമായി ദുഖഭാരങ്ങളെല്ലാം ഇറക്കിവെച്ച്‌ പുതിയകൂട്ടുകാരോടൊത്ത്‌ ഒരു സ്വപ്ന ജീവിതം! ആര്‍ക്കും എന്നെ മനസ്സിലാവരുത്‌. എന്നാല്‍ എന്റെ ഇഷ്ടങ്ങള്‍ സന്തോഷങ്ങള്‍ എല്ലാം ഒരുപാട്‌ പേരോട്‌ പങ്ക്‍വെക്കണം. സ്വന്തം പേരില്‍ ഓര്‍ക്കൂട്ടിംഗ്‌ നടത്തിയാല്‍ പലപ്രശ്നങ്ങളും ഉണ്ടാകും. പലരും തന്നെ കണ്ടെത്തും, പഴയ കോളേജ്‌ മേറ്റ്‌സുകളാരെങ്കിലും തിരിച്ചറിഞ്ഞാല്‍ പഴയപ്രണയകഥകളെല്ലാം പുറത്ത്‌വരും അത്‌ തന്റെ ജീവിതം തന്നെ തകര്‍ത്തേക്കാം.

ഉടനെ അവള്‍ അവളുടെ അക്കൗണ്ടില്‍സ്വന്തം പേര്‌മാറ്റി കേള്‍ക്കാന്‍ സുന്ദരമായ പലപേരുകളും തിരഞ്ഞ്‌ ഒടുക്കം അവള്‍ക്കിഷ്ടപ്പെട്ട ഒരുപേര്‌ കൊടുത്തു. രേഷ്മ.
പ്രൊഫെയില്‍ ഫോട്ടോയായി തന്റെ ഇഷ്ടനായിക ജൂഹിചാവ്‌ല യുടെ ഫോട്ടോയും കൊടുത്തു. എബൗട്ട്‌മീ യില്‍ എഴുതി. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും മാത്രം ഇഷ്ടപ്പെടുന്നവള്‍...!.
എന്നിട്ടവള്‍ ഷാറൂഖ്‌ ഖാന്റെ ഫോട്ടോയില്‍ ക്ലിക്ക്‌ ചെയ്തു. അയാളുടെ പ്രൊഫെയില്‍തെളിഞ്ഞുവന്നു. മനോജ്‌... മാരീഡ്‌.
വിവാഹിതനായ സുഹൃത്ത്‌ തന്നെയാണ്‌ നല്ലത്‌. അവിവാഹിതരുടെ അപക്വമായ സൗഹൃദങ്ങള്‍ ബോറടിപ്പിക്കും. പ്രണയ ചാപല്യങ്ങളും യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ചിന്തകളുമെല്ലാമായിരിക്കും അവര്‍ക്ക്‌. അതുകൊണ്ട്‌ വിവാഹിതര്‍തന്നെയാണ്‌ നല്ലത്‌. ഒരിക്കലും പരസ്പരം കാണാതെ ഈ ഓര്‍ക്കൂട്ടില്‍ മാത്രം ഒതുങ്ങുന്ന ഒരു സൗഹൃദം!.
അയാള്‍ക്കൊരു ഫ്രണ്ട്ഷിപ്പ്‌ റിക്വസ്റ്റ്‌ കൊടുത്തു.

ജോലികഴിഞ്ഞ്‌ മടങ്ങുമ്പോള്‍ മനസ്സ്‌നിറയെ തന്റെ പുതിയ സ്വപ്നലോകമായിരുന്നു.ഓര്‍ക്കൂട്ടില്‍ എത്രപേരാണ്‌സ്‌നേഹം വാരിക്കോരി പങ്കുവെക്കുന്നത്? തനിക്കും ഒരുഭര്‍ത്താവുണ്ട്. ഓര്‍ക്കൂട്ടില്‍ പലരും ഉപയോഗിക്കുന്ന സ്‌നേഹത്തിന്റെ ഒരുവാക്ക് പോലും അയാള്‍ ഇത്‌വരേ തന്നോട് പറഞ്ഞിട്ടില്ല. സ്‌നേഹത്തിനോ സൗഹൃദത്തിനോ ഒന്നും ഒരുവിലയും കല്‍പ്പിക്കാത്ത മുരടന്‍! ഇയാളോടൊത്ത്‌ കഴിയേണ്ടിവന്നത്‌ ഏത്‌ ജന്മത്തില്‍ ചെയ്ത പാപത്തിന്റെശിക്ഷയാണാവോ?.

ഈ മടുപ്പിന്റെ ലോകത്ത് സൗഹൃദത്തിന്റെ ഇങ്ങിനെ ഒരു ലോകമുണ്ടായിട്ട്‌ ഞാനിത്‌ കണ്ടെത്താനെന്തിത്രവൈകി?

ഭര്‍ത്താവ്‌ ഓഫീസില്‍നിന്നും നേരത്തെയെത്തി റോബിനെയും ബിന്‍സിയെയും പഠിപ്പിക്കുന്ന തിരക്കിലാണ്‌. റോബിന്‍ രണ്ടാം ക്ലാസിലാണ്‌, ബിന്‍സി എല്‍.കെ.ജി യിലും. കുട്ടികളെ സ്കൂള്‍വിട്ട്‌ വന്നാല്‍ അല്‍പ്പം കളിക്കാന്‍ പോലും വിടില്ല. അയാള്‍ വാദ്യാര്‌പണിതുടങ്ങും.
അമ്മവന്നതും കുട്ടികളുടെമുഖത്ത്‌ സന്തോഷം വിരിഞ്ഞു. അവര്‍ക്കറിയാം അമ്മവന്നാല്‍ അച്ചന്‍ ഉടനെ പുറത്ത്‌ പോകും.
അയാള്‍ അങ്ങിനെയാണ്‌. മക്കളോടെല്ലാം വാത്സല്യമുണ്ടെങ്കിലും അവളോട്‌ എന്തോ ഒരുകടമ നിര്‍വ്വഹിച്ചു എന്ന് വരുത്തലാണ്‌. ഒന്നിച്ചിരിക്കാനോ ഒരുതമാശപറയാനോ സ്‌നേഹത്തോടെ പെരുമാറാനോ ഒന്നും അയാള്‍ക്കറിയില്ല. ആവശ്യത്തിനും അനാവശ്യത്തിനും ശകാരിക്കാന്‍ മാത്രമയാള്‍ക്കറിയാം.

പിറ്റേന്ന് ഓഫീസില്‍ കിട്ടിയസമയത്ത്‌ അവള്‍ വീണ്ടും കമ്പ്യൂട്ടറില്‍ ഓര്‍ക്കൂട്ട്‌ തുറന്നു. ഇന്നലെ അയച്ചഫ്രണ്ട്ഷിപ്പ്‌ റിക്വസ്റ്റ്‌ ഷാരൂഖ്‌ ഖാന്റെ പടമുള്ള മനോജ്‌ സ്വീകരിച്ചിരിക്കുന്നു. സ്ക്രാപ്പ്‌ ബുക്കില്‍ ഉടനെ അയാള്‍ക്കൊരു സ്ക്രാപ്പെഴുതി.
'ഹായ്‌....!'
ഉടനെ മറുപടി വന്നു. 'ഹായ്‌ ഡിയര്‍!...
'അവള്‍ക്കത്ഭുതമായി അയാള്‍ ഓണ്‍ലൈനാണ്‌. 'ഡിയര്‍' എന്ന സംബോധന അവളുടെ ഉള്ളില്‍കൊണ്ടു.അവള്‍ എഴുതി.
'മനോജ്‌... ഹൗആര്‍ യു? താങ്കള്‍ എവിടെയാണ്‌? എന്ത്‌ചെയ്യുന്നു?.'
മറുപടിവന്നു 'ഞാന്‍ തൃശൂരില്‍ ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയില്‍ ജോലിചെയ്യുന്നു. രേഷ്മയോ?'
അവള്‍ അവളുടെ കള്ള മേല്‍വിലാസം വെളിപ്പെടുത്തി. 'ഞാന്‍ കോഴിക്കോട്‌ ഒരുബാങ്കില്‍!.'
'രേഷ്മ ഓര്‍ക്കൂട്ടില്‍ ആദ്യമായാണെന്ന് തോന്നുന്നു. എന്നെ എങ്ങിനെ കിട്ടി?'
'എന്റെ ഒരുകൂട്ടുകാരിയുടെ ഫ്രണ്ട്‌സ്‌ ലിസ്റ്റില്‍നിന്നാണ്‌.എന്തോ നിങ്ങളുടെ പ്രൊഫെയില്‍ കണ്ടപ്പോള്‍ ഒരു താല്‍പ്പര്യം ഒന്ന് പരിചയപ്പെടാമെന്ന് കരുതി.'
'ആട്ടെ രേഷ്മക്ക്‌ വീട്ടില്‍ ആരൊക്കെയുണ്ട്‌?'
'ഭര്‍ത്താവും രണ്ട്‌ കുട്ടികളും നിങ്ങള്‍ക്കോ?'
'എനിക്ക്‌ ഭാര്യയും രണ്ട്‌കുട്ടികളും.'
'നിങ്ങളുടെ ഭാര്യ എന്ത്‌ ചെയ്യുന്നു?'
'ഹോ! അവളൊരു സര്‍ക്കാരുദ്യോഗസ്ഥയാണ്‌.'
'അതെന്താ ഒരു ഹോ!?'
'ഹൊ! എന്റെ തലവിധി അല്ലാതെന്ത്‌പറയാന്‍? രേഷ്മാ പെണ്ണുങ്ങളെല്ലാം ഇങ്ങിനെയാണോ?'
'എങ്ങിനെ?'
'അയ്യോ! ഞാന്‍ അറിയാതെ എഴുതിപ്പോയതാണ്‌ എന്റെ കുടുംബ കാര്യങ്ങളെല്ലാം ഞാനെന്തിനാണ്‌ രേഷ്മയോട്‌ പറയുന്നത്‌?'
'അതിനെന്താ നമ്മള്‍ സുഹൃത്തുക്കളായില്ലേ പറയൂ എന്താണ്‌ നിങ്ങളുടെ പ്രശ്നം?'
'ഒന്നുമില്ല അവളുടെ മുന്നില്‍ എനിക്കൊരു വിലയുമില്ല. സര്‍ക്കാര്‍ ജോലിയൊന്നുമില്ലെങ്കിലും മോശമല്ലാത്ത വരുമാനമെല്ലാം എനിക്കുണ്ട്‌. പക്ഷേ അവള്‍ക്ക്‌ ഞാനെന്നും ഒരു കൊള്ളരുതാത്തവനാണ്‌.'
'ഹേയ്‌ അതെല്ലാം മനോജിന്റെ തോന്നലുകളായിരിക്കും. ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക്‌ പലപ്പോഴും ഭര്‍ത്താവിനെ വേണ്ടപോലെ ശ്രദ്ദിക്കാന്‍ പറ്റിയെന്ന് വരില്ല'.
'ഹേയ്‌ അതൊന്നുമല്ല പ്രശ്നം ഒന്നിച്ചുള്ളപ്പോള്‍ സ്‌നേഹത്തോടെ പെരുമാറാനോ, ഭര്‍ത്താവിന്റെ ആഗ്രഹങ്ങളന്വേഷിക്കാനോ ഒന്നും അവള്‍ക്കൊരു താല്‍പ്പര്യവുമില്ല. ജോലികഴിഞ്ഞുവന്നാല്‍ മക്കളും അവളും മാത്രം ഞാനൊരു അധികപ്പറ്റ്‌!. വെള്ളമടിയോ പുകവലിയോ ഒന്നുമെനിക്ക്‌ ശീലമില്ല. സ്വസ്ഥമായൊരല്‍പ്പം ടി.വി. കാണാമെന്ന് വച്ചാല്‍ അപ്പോള്‍ അവള്‍ അവളുടെ കണ്ണീര്‍ സീരിയലുകള്‍ കാണുകയായിരിക്കും. ഒന്ന് പുറത്തിറങ്ങി തിരിച്ചുവരാന്‍ അല്‍പ്പം വൈകിയാല്‍ അവള്‍ക്ക്‌ പിന്നെ സംശയങ്ങളുടെ പൂരമാണ്‌ ഞാന്‍ എവിടെപ്പോയി? എന്തുചെയ്തു? എന്നെല്ലാം അയല്‍ക്കാരോട്‌ അന്വേഷിച്ച്‌ കണ്ടെത്തലാകും പിന്നെ അവളുടെ ജോലി. ഇനി കുട്ടികളെ പഠിപ്പിക്കാന്‍ ഞാന്‍ മിനക്കെടുന്നതും അവള്‍ക്കിഷ്ടമല്ല. ഞാന്‍ പഠിപ്പിക്കുമ്പോള്‍ മാത്രം കുട്ടികള്‍ക്ക്‌ കളിക്കണമെന്ന ബോധം അവള്‍ക്കുണ്ടാകും, അവള്‍ പറയുന്നതെല്ലാം വേദവാക്യം പോലെ ഞാന്‍ അംഗീകരിക്കണം ഞാന്‍ പറയുന്നത്‌ നേരാം വണ്ണം കേള്‍ക്കാന്‍ പോലും അവള്‍ തയ്യാറാവില്ല. ഓഫീസിലേക്കും പാര്‍ട്ടികള്‍ക്കുമെല്ലാം അണിഞ്ഞൊരുങ്ങി നാട്ടുകാരെ കാണിക്കാന്‍ സുന്ദരിയായി പോകുന്ന അവള്‍ രാത്രി എന്റെ അടുത്ത്‌ വരുന്നതോ അടുക്കളയില്‍ നിന്നും മുഷിഞ്ഞ വസ്ത്രങ്ങളുംധരിച്ച്‌ വിയര്‍പ്പ്‌ നാറ്റവുമായി! ഇതൊന്നും പോരാത്തതിന്‌ എന്നെ അവള്‍ക്ക്‌ ഭയങ്കര സംശയവും എനിക്കപ്പുറവും ഇപ്പുറവും നോക്കിക്കൂടാ ഹോ! മടുത്തു രേഷ്മാ...!'

'മനോജ്‌ വിഷമിക്കാതിരിക്കൂ... എല്ലാവര്‍ക്കും അവരുടേതായ വിഷമങ്ങളുണ്ടാകും. എന്റെ കാര്യം തന്നെ നോക്കൂ... സ്‌നേഹമെന്തെന്നറിയാത്തവനാണ്‌ എന്റെ ഭര്‍ത്താവ്‌. ഒരു ഭാര്യ ഭര്‍ത്താവില്‍നിന്ന് പ്രതീക്ഷിക്കുന്നതൊന്നും അയാളില്‍നിന്ന് എനിക്ക്‌ ലഭിക്കാറില്ല. സ്‌നേഹത്തോടെയുള്ള ഒരു നോട്ടം,ഒരു തലോടല്‍ ഒന്നും അയാള്‍ക്കറിയില്ല. മക്കളെയും വീട്ടുകാര്യങ്ങളുമെല്ലാം ഞാന്‍ നോക്കണം, അയാള്‍ക്കൊന്നിലും ഒരുതാല്‍പ്പര്യവുമില്ല. ഞാനെന്റെ എന്തെങ്കിലും ആവശ്യങ്ങള്‍ പറഞ്ഞാല്‍ മുഖം കടുന്നല്‌ കുത്തിയ പോലെ വീര്‍ക്കും. എന്റെ സഹപ്രവര്‍ത്തകയും ഭര്‍ത്താവും എന്ത്‌ സ്‌നേഹത്തോടെയാണ്‌ ജീവിക്കുന്നത്‌? മിക്കദിവസവും ഒരുമിച്ച്‌ ഷോപ്പിംഗ്‌,സിനിമ... എന്തുരസമാണവരുടെജീവിതം!എനിക്കൊന്നും വിധിച്ചിട്ടില്ല. ഈനരകത്തില്‍ ഞാനിങ്ങനെ ജീവിച്ചുപോകുന്നു.'
'രേഷ്മാ അപ്പോള്‍ നമ്മള്‍ രണ്ടുപേരും ഒരേ തോണിയില്‍ സഞ്ചരിക്കുന്നു! ഏറ്റവും വലിയ ദുരന്തം ഇഷ്ടമില്ലാത്ത ഇണയോടൊപ്പം ജീവിക്കുന്നതാണെന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്‌. നമ്മളെപ്പോലെ പരസ്പരം അറിയാനും മനസ്സിലാക്കാനും കഴിയാത്തവര്‍ക്ക്‌ ഒരുമിച്ചുജീവിക്കുക പ്രയാസമാണ്‌.'
'ശരിയാണ്‌ മനോജ്‌ നാം ഈകുറഞ്ഞ സമയംകൊണ്ട്‌ ഒരുപാട്‌ അടുത്തുപോയിരിക്കുന്നു. സത്യത്തില്‍ നിങ്ങള്‍ എന്റെ ഭര്‍ത്താവായിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചുപോകുന്നു.'
'രേഷ്മാ നിന്നെപ്പോലെ മറ്റൊരുത്തിക്ക്‌ എന്നെ മനസ്സിലാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഇത്രകാലം എന്റെ കൂടെ ജീവിച്ചിട്ട്‌ എന്റെഭാര്യക്ക്‌ കഴിയാത്തതാണ്‌ ഏതാനും നിമിഷങ്ങള്‍കൊണ്ട്‌ നിനക്ക്‌ സാധിച്ചത്‌. സത്യമായും നീ എന്റെ ഭാര്യയായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു.'

'മനോജ്‌, എനിക്ക്‌ എന്റെ ഭര്‍ത്താവുമൊന്നിച്ചുള്ള ജീവിതം ശരിക്കും മടുത്തു മനോജിനെന്നെ രക്ഷിച്ചുകൂടേ? നമുക്കൊരുമിച്ച്‌ ജീവിച്ചുകൂടേ?'
'രേഷ്മാ എനിക്കതിന്‌ നൂറുവട്ടം സമ്മതമാണ്‌ പക്ഷെ നിന്റെയും എന്റെയും മക്കള്‍?'
'ഹോമക്കളോ? ഇത്രയും നാള്‍ ഞാനവളരെ വളര്‍ത്തിയില്ലേ? ഇനി അയാള്‍ വളര്‍ത്തട്ടെ!'.
'ശരിയാണ്‌ എന്റെ ഭാര്യക്ക്‌ സ്വന്തമായി ജോലിയുണ്ട്‌. അവള്‍ അവരെ വളര്‍ത്തട്ടെ. അല്ലെങ്കിലും ഞാനില്ലെങ്കില്‍ ഒരു ശല്യം ഒഴിഞ്ഞു എന്നേ അവള്‍ കരുതൂ...!'
'എന്നാല്‍ മനോജ്‌ നമുക്ക്‌ നാളെതന്നെ ഒന്നിക്കാം പറയൂ ഞാനെവിടെവരണം?'
'ഒരുമിനിറ്റ്‌, പാലക്കാട്‌ എന്റെ സുഹൃത്തിന്റെ ഒരു ഹോട്ടലുണ്ട്‌. അവിടെ റൂം കിട്ടുമോയെന്ന് ഒന്ന് വിളിച്ചു ചോദിക്കട്ടെ. കിട്ടിയാല്‍ നമുക്കവിടെ ഒത്തുകൂടാം. ബാക്കികാര്യങ്ങള്‍ അവിടെ വച്ച്‌ തീരുമാനിക്കാം'.
'മനോജ്‌ നിങ്ങളെ ഞാനെങ്ങിനെ തിരിച്ചറിയും?'
'നീഹോട്ടലിലേക്ക്‌ വന്നാല്‍മതി ഞാന്‍ കണ്ടുപിടിച്ചോളാം. പിന്നെ എന്റെ പേര്‌ മനോജ്‌ എന്നല്ല അത് നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ പറയാം. അതൊരു സസ്പെന്‍സായിഇരിക്കട്ടെ'.
'എന്നാല്‍ എനിക്കൊരു സത്യം നിങ്ങളെയും അറിയിക്കാനുണ്ട്‌. എന്റെ പേര്‌ രേഷ്മ എന്നുമല്ല. നിങ്ങള്‍ പേര്‌ സസ്പെന്‍സാക്കിവെച്ചസ്തിഥിക്ക്‌ എന്റെ പേരും സസ്പെന്‍സായിട്ടിരിക്കട്ടെ! നമുക്ക്‌ പുതിയ ജീവിതത്തോടൊപ്പം യഥാര്‍ത്ഥ പേരുകളുമാവാം'.

'രേഷ്മാ ഞാനെന്റെ സുഹൃത്തിനെ വിളിച്ചു ഹോട്ടലില്‍ റൂം ഓക്കെ ആയിട്ടുണ്ട്‌. റൂം നമ്പര്‍ 107 ഹോട്ടല്‍ മയൂരി. പാലക്കാട്‌.'
'ശരി മനോജ്‌ ഞാന്‍ നാളെ കാലത്ത്‌ തന്നെ പുറപ്പെടും'
'ഓക്കെ രേഷ്മാ നാളെ ഹോട്ടല്‍ മയൂരിയില്‍ 107ആം നമ്പര്‍ റൂമില്‍ ഞാന്‍ നിന്നെയും കാത്തിരിക്കും'.
'ഓകെ! ബായ്‌!'

പിറ്റേന്ന് രാവിലെ അവള്‍ കുട്ടികളെ സ്കൂളിലേക്ക്‌ യാത്രയാക്കി. ഭര്‍ത്താവ്‌ നേരത്തേ ഓഫീസിലേക്ക്‌ പോയിരിക്കുന്നു. പതുക്കെ അത്യാവശ്യം വസ്ത്രങ്ങളും ആഭരണങ്ങളും പണവുമെല്ലാം ഒരു ബാഗിലെടുത്ത്‌ അവള്‍ ബസ്റ്റാന്റിലേക്ക്‌ നടന്നു.

പാലക്കാടന്‍ ബസ്സ്‌ ഇരമ്പിയോടുകയാണ്‌. ഒപ്പം അവളുടെ പുതിയ പ്രതീക്ഷകളുടെ സ്വ‌ര്‍ഗവും അടുത്തടുത്ത്‌ വന്നുകൊണ്ടിരുന്നു. സ്‌നേഹിക്കാനറിയുന്ന ഒരാളുമൊത്തുള്ള പുതിയ ജീവിതത്തിലേക്കണയാന്‍ അവളുടെ നെഞ്ചകം വെമ്പി. മനസ്സിലെ പ്രണയ വൃന്ദാവനം പൂത്തുലഞ്ഞു. മനോജിന്റെ ജാതിയോ മതമോ പണമോ പ്രശസ്തിയോ സൌന്ദര്യമോ എന്തിന് പ്രായം പോലും തനിക്ക് പ്രശ്നമല്ല. ആസ്‌നേഹം! തന്റെ ഭര്‍ത്താവില്‍‌നിന്ന് തനിക്ക് ഇതുവരേ ലഭിച്ചിട്ടില്ലാത്ത സ്‌നേ‌ഹം അത് മാത്രം മതി. പരസ്പരം മനസ്സിലാക്കാന്‍ കഴിവുള്ള അയാളോടൊത്തുള്ള ജീവിതം സ്വര്‍ഗതുല്യമായിരിക്കും ആസ്വര്‍ഗത്തിലേക്ക് കുതിച്ചെത്താന്‍ അക്ഷമയായി അവള്‍ യാത്രചെയ്തു.

പ്രതീക്ഷകളുടെ വേലിയേറ്റത്തിനൊടുവില്‍ ബസ്‌ പാലക്കാട്‌ ബസ്റ്റാന്റിലെത്തി. നേരെ ഒരു ഓട്ടോ വിളിച്ച്‌ അവള്‍ ഹോട്ടല്‍ മയൂരിയുടെ മുന്നിലിറങ്ങി.

ഹോട്ടലിന്റെ പടികള്‍ കയറുമ്പോള്‍ കാലുകളുടെ ചലനഗതിതന്നെ മാറുന്നു. മനസില്‍ സന്തോഷം തിരതള്ളുകയാണ്‌. തന്റെ പുതിയ സ്വര്‍ഗീയ ജീവിതത്തിന്‌ ഇതാ ഇനി ഏതാനും അടികളുടെ വ്യത്യാസമേഉള്ളൂ! ഡോറിലെ ആ അക്കങ്ങള്‍ വായിക്കുമ്പോള്‍ അവളുടെ ശരീരമാസകലം കോരിത്തരിച്ചു.റൂം നമ്പര്‍ 107...!
വാതിലിന്‌ മുന്നില്‍ അവള്‍ നിന്നു. പുതുമണവാട്ടിയെപ്പോലെ ഒരു നാണം അവളില്‍ ആവേശിച്ചു.
വാതിലില്‍ മൃതുവായൊന്ന് മുട്ടി.കാത്തിരുന്ന് ക്ഷമ നശിച്ചപോലെ വാതില്‍ പെട്ടെന്ന് തുറക്കപ്പെട്ടു.
അവനും അവളും ഒരുപോലെ സ്തബ്ദരായി നിന്നുപോയി! അതവളുടെ ഭര്‍ത്താവ്‌ തന്നെയായിരുന്നു!.

17 comments:

salim | സാലിം said...

കാലങ്ങള്‍ക്ക് ശേഷം എനിക്ക് വീണ്ടും വട്ടായി!. ഒരു പോസ്റ്റ് ചെയ്തു.

നിഷ്ക്കളങ്കന്‍ said...

ക്ലൈമാക്സ് പ്രതീക്ഷിച്ചതു തന്നെ.

കുഞ്ഞന്‍ said...

ഹഹ...

സാ‍ലിം ഓര്‍ക്കൂട്ട് ഡിങ്കോലിഫിക്കേഷന്‍ നന്നായി അവതരിപ്പിച്ചു..!

എന്തായാലും അച്ഛനും മോളും തമ്മിലാവാത്തത് നന്നായി.. ചിലപ്പോള്‍ അതും സംഭവിച്ചുകൂടായെന്നില്ല..!

Priya Unnikrishnan said...

ക്ലൈമാക്സ് പ്രതീക്ഷിച്ചതു തന്നെ

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ഹ ഹ....:)

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

ശ്രീ said...

പകുതി കഴിഞ്ഞപ്പോഴേ ക്ലൈമാക്സ് പിടികിട്ടി.

:)

കണ്ണൂരാന്‍ - KANNURAN said...

കഥയോ യാഥാര്‍ത്ഥ്യമൊ? എന്തായിലും നന്നായി എഴുതി..:)

Meenakshi said...

കഥ പകുതി വായിക്കുമ്പോഴെ ക്ലൈമാക്സ് മനസ്സിലാവുന്നുണ്ടെങ്കിലും, വായിച്ച് തീരുന്നത് വരെ ഒരു പ്രത്യേക രസം തോന്നുന്നുണ്ട്, അത് ഒരു പക്ഷെ ഭാഷയുടേതാവാം. എന്തായാലും അര്ക്കും പറ്റാവുന്ന ഒരു അബദ്ധം, രസകരമായി അവതരിപ്പിച്ചതിന് സാലിമിന് അഭിനന്ദനങ്ങള്‍

ചേട്ടായി said...

സാലിം,

ഈ കഥ പണ്ട് ആരൊ എഴുതിയതാണ്, ഒറ്റവ്യത്യാസം അത് തൂലിക സൌഹൃദം വഴിയാണ് ആശയവിനിമയം നടത്തിയത്, മറഞ്ഞിരിക്കുന്ന തൂലിക സുഹൃത്തുമായി എഴുത്തുകുത്ത് നടത്തുന്നു, കണ്ടുമുട്ടുമ്പോള്‍ നാണിച്ചു പോകുന്നു..

എന്തായാലും ഞാന്‍ അഭിനന്ദിക്കുന്നു...ഇത്രയെങ്കിലും ചെയ്തല്ലൊ

അഭിലാഷങ്ങള്‍ said...

:-)

നന്നായി ..

ബട്ട്, പലരും പറഞ്ഞപോലെ ഞാനും കഥയുടെ അന്ത്യം ആദ്യമേ ഊഹിച്ചു..

:-)
-അഭിലാഷ്

കൃഷ്‌ | krish said...

കഥയുടെ അന്ത്യം പകുതിക്കേ പിടികിട്ടി. ഓര്‍ക്കുട്ടിലൂടെ ഇതും ഇതിനപ്പുറവും സംഭവിക്കും.

ബാജി ഓടംവേലി said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

Rashid Padikkal said...

കൊള്ളാം നന്നായിട്ടുണ്ട്.

bloggle said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

salim | സാലിം said...

നന്ദി; നിഷ്കളങ്കന്‍,കുഞ്ഞന്‍,പ്രിയ ഉണ്ണികൃഷ്ണന്‍,ജിഹേഷ്,ഹരികുമാര്‍,ശ്രീ,കണ്ണൂരാന്‍,മീനാക്ഷി,ചേട്ടായി,അഭിലാഷ്,കൃഷ്,റാഷിദ് എല്ലാവര്‍ക്കും നന്ദി. പിന്നെ ഈകഥയിലെ ക്ലൈമാക്സ് മുന്‍പേ ചോര്‍ന്നുപോയത് ആദ്യമേ ഞാന്‍ ചിന്തിച്ചതാണ്. ക്ലൈമാക്സിനെ രക്ഷിക്കാന്‍ കഥാഗതിമാറ്റിയാല്‍ കഥക്ക് ഒരു അസ്വാഭാവികത കൈവരുമോ (ഉള്ളത് കൂടുമോ?) എന്ന ഭയം കൊണ്ടാണ് അങ്ങിനെ ചെയ്യാതിരുന്നത്. എന്തായാലും വീഴ്ച ചൂണ്ടിക്കാണിച്ച എല്ലാവര്‍ക്കും നന്ദി. വായിച്ചവര്‍ക്കും കമന്റിയവര്‍ക്കുമെല്ലാം .

വയനാടന്‍ said...

നന്നായി എഴുതി,അഭിനന്ദനങ്ങള്‍,ആശംസകള്‍.