Wednesday, April 25, 2007

ബോണ്ടമാനോ

ഉടുമുണ്ട് മടക്കിക്കുത്തി തോര്‍ത്തുമുണ്ട് തലയില്‍കെട്ടി കിഴക്കന്‍പാടത്തിന്റെ മണ്‍‌വരമ്പുകളിലൂടെ അയാള്‍ നടന്നു.നിറയെ നിറഞ്ഞുവിളഞ്ഞുനില്‍ക്കുന്ന നെല്‍കതിര്‍. ഇന്നിതൊരുഅപൂര്‍വ്വ കാഴ്ചയാണെങ്കിലും കിഴക്കന്‍പാടത്തിപ്പോഴും

നെല്‍കൃഷിയുണ്ട്.കൊക്കുകളും,പ്രാവുകളുംകുരുവികളും,പോത്താങ്കീരികളുമെല്ലാംകളിച്ചുല്ലസിക്കുന്നു .ഈ പാടശേഖരമൊന്നും അയാളുടേതല്ലെങ്കിലും ഇങ്ങനെ ഒരു സായാഹ്ന സവാരി അയാളുടെ നിത്യം പരിപാടിയാണ്‌.

മുമ്പ്‌ കൂട്ടുകാരൊന്നിച്ച്‌ നാട്ടുവഴികളിലൂടെ നടക്കാറുണ്ടായിരുന്നു. ‘ഈവനിംഗ്‌വാക്ക്‌‘ എന്ന് അത്യാവശ്യം പഠിപ്പുള്ള ഒരു കൂട്ടുകാരന്‍ അതിനുപേരിട്ടിരുന്നു.പിന്നീട്‌ യാത്രകള്‍പൂതേരിവളപ്പിനപ്പുറത്തെ കള്ളുഷാപ്പില്‍ അവസാനിക്കുകയും അതൊരു ‘ഈവനിംഗ്‌ വഴക്കാ‘കുകയും ചെയ്തതോടെ അയാള്‍ സര്‍ക്കീട്ടിനുകൂട്ടുകാരെ കൂട്ടാതായി.

ഏകനായി പാടശേഖരങ്ങളിലൂടെയും കിഴക്കന്‍ തോടിന്റെ കരയിലൂടെയുമെല്ലാം അയാള്‍ നടന്നു.ഈകിളിക്കൊഞ്ചലും അസ്തമയസൂര്യന്റെ ഇളം ചൂടും തടസ്സങ്ങളില്ലാതെ പറന്നുവന്നുപുല്‍കുന്ന കാറ്റിന്റെ സാന്ത്വനവുമെല്ലാം അനുഭവിക്കുമ്പോള്‍ ഈഭൂമിയില്‍ ഇനി തനിക്കൊന്നും നേടാനില്ലെന്നയാള്‍ക്ക് തോന്നും.മനം നിറയെ സന്തോഷം മാത്രം.

നടന്ന് നടന്ന് അയാള്‍പാടത്തിന്റെ മധ്യത്തിലെത്തിയിരിക്കുന്നു,തന്നെപ്പോലെ ആസ്വാദനശേഷിയുള്ളവരാരും ഇല്ലാത്തതുകൊണ്ടായിരിക്കും ഈഅപൂര്‍വ്വ സുഖം ആസ്വദിക്കാന്‍ ഇവിടെ മറ്റാരെയും കാണുന്നില്ല. ഈകിളികളല്ലാതെ...

അയാളുടെനാവില്‍പതുക്കെ ഒരുഗാനംതത്തിക്കളിച്ചു.
നമ്മള്‌കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ...
വിപ്ലവകാരിയായതുകൊണ്ടൊന്നുമല്ല. ഇന്ന് ആകാശവാണിയില്‍നിന്ന് കേട്ടതാണ്‌.

പെട്ടെന്ന് മാനം ഇരുണ്ടു.കിളികളെല്ലാം പറന്നുപോയി.ശക്തിയായി കാറ്റടിച്ചു.പേമാരിവരികയാണോ? മാനത്ത്‌ കാര്‍മേഘങ്ങളൊന്നും കാണുന്നില്ല.ശക്തമായ ഇടിമുഴക്കം കേട്ടുതുടങ്ങി.കടുത്ത പ്രകാശത്തോടെ, ശക്തിയോടെ പലതും പൊട്ടിച്ചിതറുന്നു.ഇടിമിന്നലല്ല അത്‌വന്‍ വടവൃക്ഷത്തിന്റെ വേര്‌പോലെ മാനത്ത്‌നിന്നും ഭൂമിയിലേക്ക്‌ ഇറങ്ങിവരാറാണല്ലോ എന്നാല്‍ ഇവിടെ തീജ്വാലകളാണ്‌വരുന്നത്‌.ഉടനെ അല്‍പ്പമായി ഉണ്ടായിരുന്ന പ്രകാശം കൂടി അസ്തമിച്ചു.
അയാളറിഞ്ഞു. ഈപാടത്തിന്റെ നടുക്ക്‌ ഈ ഇരുട്ടത്ത്‌ താനൊറ്റക്കാണ്‌.ഭയം അയാളുടെ പെരുവിരലില്‍കൂടി അരിച്ചുകയറാന്‍ തുടങ്ങി. ചുണ്ടില്‍ മൂളിയിരുന്ന ഗാനം എങ്ങോപോയ്‌മറഞ്ഞു.അന്തരീക്ഷത്തിലലിഞ്ഞുചേര്‍ന്നിരുന്ന പാടതെ മണ്ണിന്റെ മണം പെട്ടെന്ന് കരിഞ്ഞ മനുഷ്യമാംസത്തിന്റെ മണമായി മാറി.അല്ല ഇത്‌ ഇരുട്ടല്ല കറുത്തപുകയാണ്‌.അയാള്‍ക്ക്‌ ശ്വാസം മുട്ടിത്തുടങ്ങി.പെട്ടെന്ന് അന്തരീക്ഷത്തിലൊരട്ടഹാസം മുഴങ്ങി.നില്‍ക്കെടാഅവിടെ!ഞെട്ടിവിറച്ചുകൊണ്ടയാള്‍ ചുറ്റും നോക്കി. കറുത്ത പുകച്ചുരുളുകള്‍ക്കിടയില്‍ നിന്നും അവ്യക്തമായ ഒരുരൂപം തന്റെമുന്നില്‍ തെളിഞ്ഞുവരുന്നു. അതുതന്നെയാണ്‌ ആശബ്ദത്തിന്റെ ഉറവിടം എന്നയാള്‍ക്ക്‌ മനസ്സിലായി.

ആരൂപം വലിക്കുന്ന സിഗരറ്റിന്റെ കനല്‍വെളിച്ചത്തില്‍ താടിയോമീശയോഇല്ലാത്ത ആവെളുത്ത ക്രൂരമായ മുഖം അയാള്‍ വ്യക്തമായികണ്ടു.വായതുറന്നപ്പോള്‍ അഴുകിയശവത്തിന്റെ ഗന്ധം!പേടിച്ചു വിറച്ചുകൊണ്ടയാള്‍ ചോദിച്ചു.
' നിങ്ങളാരാണ്‌? മനുഷ്യനോ പിശാചോ?'
ശക്തമായ ഒരട്ടഹാസത്തിനവസാനം ആരൂപം പറഞ്ഞു.
'ഞാന്‍ അതുരണ്ടുമല്ല!'
'പിന്നെ?'
'ഞാന്‍ നിന്നെയൊക്കെ നിയന്ത്രിക്കുന്ന സൂപ്പര്‍പവ്വര്‍!'
'ആര്‌? നിങ്ങള്‍ ദൈവമാണോ?'
'ഫ!നിര്‍ത്തെടാ ആപേരുച്ചരിച്ചാല്‍ നിന്നെ ഞാന്‍ ബോണ്ടമാനോയില്‍ കൊണ്ടുവിടും!'
'അതെന്താബോണ്ടമാനോ? ബോണ്ടകിട്ടുന്നസ്ഥലമാണോ?'
'വിഢിത്തം പറയുന്നോ? ബോണ്ടമാനോ അത് എന്നെഅനുസരിക്കാത്തവര്‍ക്ക് വേണ്ടിഞാനുണ്ടാക്കിയ നരകത്തിന്റെ പേരാണ്‌'.
'എന്ത്‌? സ്വന്തമായി നരകമുണ്ടെന്നോ? എന്റെ അറിവില്‍ സ്വന്തമായി അതുള്ളത്‌ ദൈവത്തിന്റെ അടുത്താണ്‌'.
പെട്ടെന്ന് ബലിഷ്ടമായ ഒരു കരം അയാളുടെ മുഖത്ത്‌ വീണു. മുഖത്ത്‌നിന്നും ആയിരം പൊന്നീച്ചകളൊന്നിച്ചുപാറി. അയാള്‍തെറിച്ചുദൂരെ വീണു.വേദനകൊണ്ടുപുളഞ്ഞെങ്കിലും അയാള്‍ ഏഴുന്നേറ്റ്‌ പതുക്കെ ആരൂപത്തിനുമുന്നില്‍ തൊഴുതുനിന്നു.
രൂപം അയാളുടെ തലയില്‍ കൈവച്ചു.'തല്‍ക്കാലം ഇതുമതി.ഇനിമേല്‍ നീ ആപേരുച്ചരിച്ചാല്‍...!'
'ഇല്ല! ഇനി‌ഞാനൊരിക്കലും ആപേരുച്ചരിക്കില്ല. എന്നാലും ഞാന്‍ നിങ്ങളെ എന്തുവിളിക്കും?'
'എന്റെ പേര്‌ ഇപ്പോള്‍ പലവീട്ടുമുറ്റത്തുനിന്നും അപ്രത്യക്ഷമായ ഒരു ബോര്‍ഡര്‍ ചെടിയുടെ പേരാണ്‌.പക്ഷെ അതിനേക്കാളെനിക്കിഷ്ടം നീ എന്നെ'രക്ഷകന്‍' എന്നുവിളിക്കുന്നതാണ്‌'
'അയ്യോ!അത്‌ ഞാനെന്റെ ദൈവത്തെവിളിക്കുന്ന പേരാണ്‌'.എന്നയാള്‍പറയാന്‍ വന്നതാണ്‌.പെട്ടെന്ന് അയാള്‍ക്ക്‌ നേരത്തെകിട്ടിയ അടിയും താക്കീതും ഓര്‍മ്മവന്നു.
അയാള്‍ഭവ്യതയോടെ അറിയിച്ചു.
'ഉവ്വ്‌,ഇനി ഞാനങ്ങിനെ വിളിച്ചോളാമേ...!'
'ശരി നീകുറച്ചുമുമ്പൊരു പാട്ട്‌ പാടിയില്ലെ? എന്താണത്‌? ഒന്നുപാടൂ'.അയാള്‍പാടി.
'നമ്മള്‌ കൊയ്യും വയലെല്ലാം നമ്മുടതാകും...'
'ഛെ! നിര്‍ത്തെടാ! ഇനിമേല്‍ നീ ഈപാട്ട്‌ പാടിപ്പോകരുത്‌! പാടിയാല്‍...'
'യ്യോ! ഇല്ല ഇനി ഞാന്‍ പാടില്ല.'
'ഇനിമുതല്‍ നീ ഈപാട്ട്‌ പാടിയാല്‍ മതി'. രക്ഷകന്‍ ഒരു ഡി.വി.ഡി യും പ്ലെയറും അയാള്‍ക്ക്‌ നല്‍കി.ഡി.വി.ഡി യുടെ കവറിന്റെപുറത്ത്‌ അഴിച്ചിട്ടമുടിയും മുക്കാലുംതുറന്നമാറിടവും കയ്യില്‍ അലക്ഷ്യമായി പിടിച്ച മൈക്കും തുറക്കാവുന്നതിന്റെ അങ്ങേറ്റം തുറന്നവായുമുള്ള ഒരു സ്ത്രീയുടെ ചിത്രം, അവളെന്തോ അട്ടഹസിക്കുകയാണെന്നുതോന്നുന്നു.
'സമയം കിട്ടുമ്പോള്‍ ഈ പാട്ട്‌കേട്ട്‌ ഇനി നീ ഇതേമൂളാവൂ!'
ഞാനെന്തുമൂളണമെന്ന് തീരുമാനിക്കേണ്ടത്‌ ഞാനല്ലെ? എന്നുപറയാന്‍ അയാള്‍ക്ക്‌ തോന്നിയതാണ്‌.പക്ഷെ അയാള്‍മിണ്ടിയില്ല അടിയുടെ വേദനഅപ്പോഴും മാറിയിരുന്നില്ല.
അയാള്‍ തലകുലുക്കി സമ്മതിച്ചു.
'രാക്ഷസന്‍' അല്ല രക്ഷകന്‍ വീണ്ടും പറഞ്ഞു.
'ഇതെന്താ നിന്റെ വേഷം? വൃത്തികെട്ടവേഷം!'
'യ്യോ! ഇത്‌ വൃത്തികെട്ടതൊന്നുമല്ല. എന്നും അലക്കിതേക്കുന്നതാണ്‌.'
'അല്ല ഇനിമേല്‍ ഈവേഷത്തില്‍ നിന്നെ കണ്ടുപോകരുത്‌! എന്നെ പ്പോലെ വൃത്തിയായി ഡ്രസ്സ്‌ ചെയ്യണം!'
അപ്പോഴാണ്‌ അയാള്‍ ആരൂപം ശരിക്കും ശ്രദ്ധിച്ചത്‌. രക്ഷകന്‍ തെളിച്ച ചെറുടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അയാളത്‌ കണ്ടു.
ടാര്‍പ്പായപോലുള്ള പാന്റും ഉള്ളില്‍ തിരുകിക്കയറ്റിയ കുപ്പായവും കഴുത്തില്‍ മുറുക്കികെട്ടിയ ഒരു തുണിക്കഷ്ണവും എല്ലാത്തിന്റെയും പുറത്ത്‌ വന്‍ ഭാരമുള്ള ഒരുവലിയകുപ്പായവും കാലില്‍ മന്ത്‌പോലുള്ള രണ്ട്‌ കനത്ത ഷ്യൂസുകളും!
പരിഭ്രമത്തോടെയും ഭവ്യതയോടെയും അയള്‍ അറിയിച്ചു.'എന്റെ കയ്യില്‍ ഇതൊന്നും വാങ്ങാനുള്ള പണമില്ല.'
'അതാണോ പ്രശ്നം? നിന്റെ വീടിന്റെയും പറമ്പിന്റെയും ആധാരം ഇങ്ങോട്ടെടുക്ക്‌. നിനക്ക്‌ ഒരുകൂട്ട്‌ ഡ്രസ്സെടുക്കാനുള്ള പണം ഞാന്‍ സഹായിക്കാം. ഇരുപത്തഞ്ച്ശാതമാനംപലിശയേഉള്ളൂ'
'സഹായിക്കുകയാണെങ്കില്‍ പിന്നെ എന്തിനാണ്‌ ആധാരം? എന്തിനാണ് പലിശ?'അയാള്‍ അറിയാതെ ചോദിച്ചുപോയി.
'ഛെ! നിര്‍ത്തെടാ! തര്‍ക്കുത്തരം പറയുന്നോ? പറയുന്നതനുസരിച്ചാല്‍ മതി.പിന്നെ നിന്റെ മുഖത്തെ ഈതാടിയും മീശയുമെല്ലാം നീക്കി എന്നെപ്പോലെ ക്ലീന്‍ ആയിരിക്കണം.അതിനുള്ള ഷേവിംഗ്‌ സെറ്റും ഞാന്‍ നിനക്ക്‌ സഹായമായി നല്‍കും'.

അതുകൂടികേട്ടതോടെ അയാള്‍ക്ക്‌ കലശലായി ദാഹിച്ചു.അയാള്‍ ചുറ്റും നോക്കി.ഇവിടെ അടുത്തൊരു ഏത്തക്കുഴിയുണ്ടായിരുന്നു.അതില്‍ നല്ല തെളിഞ്ഞവെള്ളമുണ്ട്‌ അല്‍പ്പം കുടിക്കാന്‍ പക്ഷെ ഈഇരുട്ടത്ത്‌ ഒന്നും കാണുന്നില്ല രക്ഷകന്‍ ടോര്‍ച്ച്‌ തരുമോ? ഭവ്യതയോടെ അയാള്‍ ചോദിച്ചു.
'എനിക്കല്‍പ്പം വെളിച്ചം തരുമോ?'
രക്ഷകന്‍ തന്റെ ചുണ്ടിലെരിയുന്ന മാള്‍ബോറോ സിഗരറ്റ്‌ അയാള്‍ക്ക്‌ നല്‍കി.
'ഇത്‌ ആഞ്ഞ്‌വലിച്ചോ നിനക്കാവശ്യമുള്ള വെളിച്ചം കിട്ടും'.ആട്ടെ എന്തിനാ നിനക്കിപ്പോള്‍ വെളിച്ചം?
'ഇവിടെ നല്ലതെളിഞ്ഞവെള്ളമുള്ള ഒരു കുഴിയുണ്ട്‌.അല്‍പ്പം വെള്ളം കുടിക്കാന്‍ ആകുഴിയൊന്നുകാണാനാണ്‌.
'അതുകേട്ട രക്ഷകന്‍ വികൃതമായൊന്ന് ചുണ്ട്‌കോട്ടി.വലിയ ചെമ്പില്‍ കല്ലിട്ട്‌ കിലുക്കുന്ന ശബ്ദവും!.
അല്‍പ്പസമയം കൊണ്ട്‌ രക്ഷകനെ കുറേമനസ്സിലാക്കിയ അയാള്‍ക്ക്‌ അത്‌ രക്ഷകന്‍ ചിരിച്ചതാണെന്ന് മനസ്സിലായി.
'എടാവിഢീ ആവെള്ളമെല്ലാം ഞാനെപ്പഴേകുടിച്ചുതീര്‍ത്തു.ഇനി നിനക്ക്‌ വെള്ളം വേണമെങ്കില്‍ അതും ഞാന്‍ തരും നിന്റെ മടിയില്‍ എത്രരൂപയുണ്ട്‌?
അയാള്‍ മടിനിവര്‍ത്തി എണ്ണിനോക്കി.ചില്ലറയടക്കം പതിനഞ്ച്‌ രൂപയുണ്ട്‌.രക്ഷകന്‍ അതുവാങ്ങി അയാള്‍ക്കൊരു കുപ്പി കോള കൊടുത്തു.
'ഇനിമുതല്‍ നീ ഇത്‌ കുടിച്ചാല്‍ മതി. ആട്ടെ നീ ഇന്നെന്താണ്‌ കഴിച്ചത്‌?'
'സാമ്പാറും ചോറും.'
'ഹും! ഇനിമേല്‍ ഇത്തരം വൃത്തികെട്ടതൊന്നും നീകഴിക്കരുത്‌.എന്റെ കമ്പനിയില്‍ നിര്‍മ്മിക്കുന്ന നൂഡില്‍സും കെ.എഫ്‌.സിയും മറ്റു ഫാസ്റ്റ്‌ഫുഡുകളും മാത്രമേകഴിക്കാവൂ.നിന്റെ വെളിച്ചെണ്ണയെല്ലാം മാരക വിഷമാണ്‌.ഇനി എന്റെ നാട്ടില്‍നിന്നിറക്കുമതിചെയ്ത ജനിതകമാറ്റംവരുത്തിയസോയാബീന്‍ എണ്ണയോ കോണ്‍എണ്ണയോ മാത്രമേഉപയോഗിക്കാവൂ.നീമാത്രമല്ല ഇന്ന് ലോകത്ത്‌ മിക്കപേരും ഉപയോഗിക്കുന്നതുമിതൊക്കെയാണ്‌.'
'അപ്പോള്‍ എല്ലാം ഫ്രീയാണോ?' അയാള്‍ചോദിച്ചു.
'അല്ല. പണമുള്ളവരില്‍നിന്നും പണംവാങ്ങും'.
'അപ്പോള്‍ പണമില്ലാത്തവര്‍ക്ക്‌ ഫ്രീയായിരിക്കുമല്ലേ?'.
'പണമില്ലാത്തവര്‍ക്ക്‌ അവരുടെ ആധാരങ്ങള്‍വാങ്ങി സഹായം നല്‍കും'.
'അപ്പോള്‍ ആധാരമില്ലാത്തവരോ?'
'അവര്‍ പട്ടിണികിടന്ന് ചാകും.അല്ലെങ്കില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞം നടത്തും'.
'അതെങ്ങിനെയാണ്‌?''ദരിദ്രരെക്കൊണ്ട്‌ മതത്തിന്റെ യും വര്‍ഗ്ഗത്തിന്റെയും പേരില്‍ കലാപങ്ങള്‍ സൃഷ്ടിപ്പിച്ച്‌ പരസ്പരം വെട്ടിക്കൊല്ലിക്കും.എന്നിട്ടും ബാക്കിവരുന്നവരെ കലാപം അടിച്ചമര്‍ത്താനെന്ന ഭാവത്തില്‍ സമാധാനസേനയെ അയച്ച്‌ വെടിവെച്ച്‌ കൊല്ലിക്കും. അങ്ങനെതന്നെയാണ്‌ എന്നെ അനുസരിക്കാത്ത പലരെയും ഞാന്‍ ഉന്മൂലനം ചെയ്തത്‌. എണ്ണകാണിച്ചെന്നെ പേടിപ്പിക്കാന്‍ നോക്കിയ മധ്യപൗരസ്ത്യദേശത്തെ തലേകെട്ടുകാരെയെല്ലാം ഞാനും അവരുടെ ഇടയില്‍തന്നെകഴിയുന്ന എന്റെ അനുജനും ചേര്‍ന്ന് നിലക്ക്‌ നിര്‍ത്തിയില്ലെ?. ഞങ്ങളുടെ ക്ലസ്റ്റര്‍ ബോംബിന്റെയും മറ്റുനിരോധിത ആയുധങ്ങളുടെയും രുചിയറിഞ്ഞ അവര്‍ ഇപ്പോള്‍ എന്റെകീഴാളന്മാരാണ്‌.ഇനിയും അവിവേകമെന്തെങ്കിലും കാണിച്ചാല്‍ പണ്ട്‌ ഹിരോഷിമയില്‍ പൊട്ടിച്ചതിന്റെ നൂറിരട്ടി ശക്തിയുള്ള ആറ്റം ബോമ്പുകള്‍ എന്റെ കയ്യിലുണ്ട്‌.അത്‌ ഇടവും വലവും പൊട്ടിച്ച്‌ അവിടുത്തെ ജനങ്ങളെ ഞാന്‍ രക്ഷിക്കും. ഇതുവരെ സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ലാത്ത അവര്‍ക്ക്‌ ഞാന്‍ സ്വാതന്ത്ര്യം വാങ്ങിനല്‍കും. സ്വാതന്ത്ര്യം! അത്‌ എന്റെ കയ്യിലൂടെ മാത്രമേനടപ്പിലാകൂ. ഞാന്‍ മേടിച്ചുനല്‍കിയാല്‍ മാത്രമേ ആരെങ്കിലും അത്‌ അനുഭവിക്കൂ. നീനേരത്തെ പാടിയ പാട്ട്‌ പാടുന്ന ചില ചുവന്നകുപ്പായക്കാര്‍ ലോകത്തിന്റെ ചിലഭാഗങ്ങളിലെല്ലാം ഉണ്ടായിരുന്നു. അവരെ യെല്ലാം ഞാന്‍ നിലക്ക്‌ നിര്‍ത്തി സ്വാതന്ത്ര്യം വാങ്ങിക്കൊടുത്തു.എന്റെ അയല്‍പക്കത്തും ചിലചാവേസുകളും കാസ്‌ട്രോകളുമെല്ലാം ഉണ്ടായിരുന്നു.അവരെയെല്ലാം ഞാന്‍ പണവും ശക്തിയും തന്ത്രവും കൊണ്ട്‌ നിശബ്ദരാക്കി.എന്നെ അനുസരിക്കാത്ത താടിക്കാരെയും ചുവന്നകുപ്പായക്കാരെയുമെല്ലാം ഞാന്‍ ചുട്ടുകരിച്ച്‌ ഭസ്മമാക്കി. ഇന്നെനിക്ക്‌ ശത്രുക്കളാരുമില്ല. ഇനി ഞാന്‍ പറയുന്നതനുസരിക്കുന്നവര്‍ക്കേ ഇവിടെ ജീവിക്കാന്‍ അവകാശമുള്ളൂ.'

ഇത്രയും കേട്ടപ്പോള്‍ ഭയവും യജമാനഭക്തിയും കൊണ്ടയാള്‍ തരിച്ചുനിന്നു.അയാള്‍ നമ്രശിരസ്കനായി കീഴ്പോട്ട്‌ നോക്കുമ്പോള്‍ രക്ഷകന്റെ ഷ്യൂവില്‍ പാടത്തെ ചെളിപുറണ്ടിരിക്കുന്നത്‌ രക്ഷകന്‍ ആഞ്ഞുവലിക്കുന്ന മാള്‍ബോറോ സിഗരറ്റിന്റെ കനല്‍വെളിച്ചത്തില്‍ അയാള്‍ കണ്ടു.ഉടനെ അയാളത്‌ തന്റെ നാവുകൊണ്ട്‌ നക്കിത്തുടച്ചു വൃത്തിയാക്കിക്കൊടുത്തു.രക്ഷകന്‍ കാര്‍ക്കിച്ചുതുപ്പാന്‍ ഭാവിച്ചപ്പോള്‍ അയാള്‍ കോളാമ്പിപോലെ തന്റെ വായതുറന്നുകൊടുത്തു. മനുഷ്യമാംസത്തിന്റെയും പാടത്തെവെള്ളത്തിന്റെയും രുചിയുള്ള ആകഫമിശ്രണം അമിതമായ യജമാനഭക്തിയാല്‍ അയാള്‍ അമൃതുപോലെ ഞൊട്ടിയിറക്കി.
രക്ഷകന്‍ അതുകണ്ട്‌ ചുണ്ടുകള്‍കോട്ടി.അയാളുടെ തോളില്‍ കൈവച്ചുകൊണ്ട്‌ പറഞ്ഞു.
'നീയാണ്‌ യഥാര്‍ത്ഥ തിന്മയുടെ അച്ചുതണ്ടില്‍ പെടാത്തവന്‍! നന്മനിറഞ്ഞവന്‍. നീ എന്നും എന്റെ കൂടെവേണം എന്റെ കോളാമ്പിയായി,പാദസേവകനായി'അതുകേട്ടയാള്‍ പുളകം കൊണ്ടു.

പെട്ടെന്ന് പാടത്ത്‌ അതിഘോരശബ്ദത്തോടെ ഒരുവിമാനം വന്നിറങ്ങി.രക്ഷകന്‍ അയാളെയുമെടുത്തുകൊണ്ട്‌ വിമാനത്തില്‍ കയറി. വിമാനം അന്തരീക്ഷത്തില്‍ പറന്നുയര്‍ന്നു.മണിക്കൂറുകള്‍ക്കുശേഷം അതൊരു വെളുത്തകൊട്ടാരത്തിനുമുന്നില്‍ വന്നിറങ്ങി.

അല്‍പ്പനേരം കൊട്ടാരത്തില്‍ വിശ്രമിച്ചതിനുശേഷം രക്ഷകന്‍ അയാളെയും കൊണ്ട്‌ ഒരുവന്‍ താവളത്തിലേക്ക്‌ പോയി.അവിടെ വലിയ പടവലങ്ങാരൂപങ്ങളും കുമ്പളങ്ങാരൂപങ്ങളും കണ്ടയാള്‍ അമ്പരന്നു.അയാള്‍രക്ഷകനോട്‌ ചോദിച്ചു.
'ഇതുപോലെ ചെറുതൊക്കെ ഞങ്ങളുടെ പാടത്ത്‌ കൃഷിചെയ്തെടുക്കാറുണ്ട്‌. ഇത്രയും വലിയ പടവലങ്ങയും കുമ്പളങ്ങയുമെല്ലാം നിങ്ങള്‍ എങ്ങിനെ കൃഷിചെയ്തുണ്ടാകുന്നു?'
രക്ഷകന്‍ പുഛത്തോടെ ചിരികോട്ടി.'എടാ കണ്‍ട്രി! ഇതുനിന്റെ പടവലങ്ങയും കുമ്പളങ്ങയുമൊന്നുമല്ല. ഇതാണ്‌ മിസൈലുകളും ബോംബുകളും. ഞാന്‍ നിന്നോട്‌ മുമ്പ്‌ പറഞ്ഞ ആറ്റം ബോംബിന്റെ ശേഖരമാണിത്‌'.
അനന്തമായി നീണ്ടുകിടക്കുന്ന ശേഖരം കാണിച്ച്‌ രക്ഷകന്‍ പറഞ്ഞു.
പടവലങ്ങയുടെ രൂപമുള്ള നീണ്ട്‌ കൂര്‍ത്ത ആരൂപങ്ങള്‍കാണിച്ച്‌ രക്ഷകന്‍ പറഞ്ഞു'ഇതാണ്‌ പ്രകാശത്തേക്കാള്‍കോടിക്കണക്കിനിരട്ടിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ആണവ വാഹിനികളായ മിസൈലുകള്‍'.
അയാള്‍ഭയത്തോടെയും അത്ഭുതത്തോടെയും ചോദിച്ചു.'ഇത്രയും ശക്തിയുള്ള ആയുധങ്ങള്‍ നിങ്ങള്‍ക്കെന്തിനാണ്‌? ലോകം മുഴുവന്‍ നിങ്ങള്‍ക്ക്‌ കീഴ്പെട്ടിരിക്കുകയാണല്ലോ.ഭൂമിയില്‍ ഒരുശത്രുവിനെയും നിങ്ങള്‍ ബാക്കിവെച്ചിട്ടില്ലല്ലോ പിന്നെന്തിനാണിതെല്ലാം?'
രക്ഷകന്റെ ശരീരം വിറച്ചു.കണ്ണുകളില്‍ നിന്നും തീപ്പൊരിപാറി.ഒരലര്‍ച്ചയോടെ അയാള്‍പറഞ്ഞു.
'ഇല്ല ഒരുകൊടും ഭീകരന്‍ കൂടി ബാക്കിയുണ്ട്‌! അവനെക്കൂടെ നശിപ്പിക്കാതെ ഭീകരതക്കെതിരെയുള്ള എന്റെ ഈയുദ്ധം അവസാനിക്കുകയില്ല.അവനെ നശിപ്പിക്കാനാണീ ആയുധങ്ങളെല്ലാം.ഏത്‌ മാളത്തിലൊളിച്ചാലും അവനെ ഞാന്‍ നശിപ്പിക്കും!അയാള്‍ചോദിച്ചു.
'ആരാണത്‌?'
'എന്നേക്കാള്‍ ശക്തിയുണ്ടെന്ന് നടിക്കുന്ന ആഭീകരന്റെ പേര്‌ പോലും പറയുന്നതും കേള്‍ക്കുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഇടക്കിടെ പ്രളയം കൊടുങ്കാറ്റ്‌ തുടങ്ങിയ ജൈവായുധങ്ങളുപയോഗിച്ച്‌ എനിക്കെതിരെ ഭീകരാക്രമണം നടത്തുന്ന ആകൊടും ഭീകരന്‍ തന്നെ!'
അയാള്‍തനിക്ക്‌ മുമ്പ്‌കിട്ടിയ താക്കീത്‌ മറന്നു.അറിയാതെ അയാള്‍ചോദിച്ചുപോയി.
'ആര്‌ ദൈവമോ?'രക്ഷകന്റെ കനത്തകരങ്ങള്‍ അയാളുടെ ദേഹത്താഞ്ഞുപതിച്ചു.അയാള്‍തെറിച്ച്‌ വായുവിലൂടെ ബഹുദൂരം പറന്നു.ദൂരെ വന്മതില്‍കെട്ടുകളും ഇരുമ്പ്‌വേലികളുമുള്ള ഒരുകോമ്പൗണ്ടിനകത്ത്ചെന്നുവീണു.അവിടെ ചങ്ങലക്കിട്ടും കെട്ടിവലിച്ചും കുറേമനുഷ്യര്‍. പട്ടാളക്കാര്‍ ചിലരെ പട്ടിയെകോണ്ട്‌ കടിപ്പിച്ചുരസിക്കുന്നു. ചിലപുരുഷന്മാരെ പട്ടാളക്കാരികള്‍ വിവസ്ത്രരാക്കി അധിക്ഷേപിക്കുന്നു.ചോരവാര്‍ന്നു ചിലര്‍ മരിച്ചുകിടക്കുന്നു.വായില്‍ നിന്ന് രക്തംവന്നും കഴുത്തില്‍ ഉടുമുണ്ട്‌ മുറുകിയും വേറെയും കുറേശവങ്ങള്‍ ആത്മഹത്യ ചെയ്തവരാണെന്ന് തോന്നുന്നു.
അയാള്‍ തന്റെ ഒടിഞ്ഞ അസ്തികളെ അവഗണിച്ച്‌ പുറത്തേക്ക്‌ വേച്ചു വേച്ചോടി.
ഗെയിറ്റില്‍ നിന്നപാറാവുകാര്‍ അയാളെ തോക്കിന്‍മുനയില്‍ നിര്‍ത്തി.തോക്കിന്‍മുനയില്‍നിന്നും കണ്ണെടുത്തയാള്‍ഗെയ്റ്റിലേക്ക്‌ നോക്കി.അവിടെ വലിയ അക്ഷരത്തില്‍ എഴുതിവെച്ചതയാള്‍വായിച്ചു.
സെന്‍ട്രല്‍ പ്രിസണ്‍ ബോണ്ടമാനോ.